Lock Down - ലോക് ഡൗൺ
കൂടണയാൻ പോകുന്ന പക്ഷികൾ സന്ധ്യയ്ക്കു മരച്ചില്ലകളിൽ കൂട്ടം കൂടി കലപില കൂടുന്നപോലെ, ജീവിതം രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ ഓടിനടന്നു തളർന്ന മനുഷ്യർ സ്വന്തം വീടണയും മുൻപ് ഈ നഗരമധ്യത്തിലെ ടൗൺഹാളിൽ കയറി മനസ്സിലെ ഭാരങ്ങൾ എല്ലാം ഇറക്കിവച്ചു പോകുന്നത് ഇവിടെത്തെ പതിവ് കാഴ്ചയാണ്.
വൈകുന്നേരം ഇതുവഴി പോകുന്ന ഏതൊരു മനുഷ്യനും അവിടേക്കു ഒന്ന് എത്തിനോക്കാതെ കഴിയില്ല... എന്താണെന്ന് അറിയില്ല , അതങ്ങനെയാണ് ഇവിടത്തെ ജനതയെ മാടിവിളിക്കുന്ന എന്തോ ഒരു മാസ്മരികത ആ കെട്ടിടത്തിന് ഉണ്ട്.
നഗര സന്ധ്യകൾക് ദൃശ്യാ ചാരുത നൽകിയ, സന്ധ്യകൾ സംഗീത സാന്ദ്രമാക്കിയ കെട്ടിടം ഒരു മരണവീടുപോലെ ശോകമൂകമായിരിക്കുന്നു.
വർഷങ്ങൾക്കുമുൻപ് ഇവിടത്തുകാരുടെ നിറഞ്ഞ കണ്ണുകൾക്ക് മുന്നിൽ യാത്രപറഞ്ഞുപോയതാണ്....., അതിനുമുൻപ് പലപ്പോഴും ഇവിടെ വന്നപ്പോൾ ചുമരിലെ മഹാരഥന്മാരുടെ ചിത്രങ്ങൾ കണ്ടപ്പോൾ കൊതിച്ചുപോയിട്ടുണ്ട് അവരുടെ ഇടയിൽ ഒരാളാകാൻ ഭാഗ്യമുണ്ടാവണേ എന്ന്... സ്നേഹിച്ചവരെ ഇവിടത്തുകാർ മരണത്തിനുപോലും വിട്ടുകൊടുക്കില്ല...
പകൽ വിടപറയാൻ തുടങ്ങിയിരിക്കുന്നു , മാനാഞ്ചിറയിൽ കുളിച്ചുകയറിയ കാക്കകൾ മരച്ചില്ലയിലിരുന്ന് ചിറകുകൾ കുടഞ്ഞുണക്കുന്നു..
അയാൾ അടച്ചിട്ട ഗേറ്റ് അല്പം തള്ളിത്തുറന്ന് അകത്തേക്ക് കയറി.. , എല്ലാവരും പുറത്തിറങ്ങി നിൽക്കുന്നുണ്ട്.., കാലപ്രവാഹത്തെ തൂലികകൊണ്ടും, വാക്ചാതുരികൊണ്ടും,ദൃശ്യാവിഷ്‌കാരംകൊണ്ടും, സ്വരധാരകൊണ്ടും സൗന്ദര്യപൂര്ണമാക്കിയ മഹാരഥന്മാരെല്ലാം സ്തബ്ധരായിരിക്കുന്നു...
ആരും പരസ്പരം സംസാരിക്കുന്നില്ല,.. ചിലർ വരാന്തയിലൂടെ അലക്ഷ്യമായി ഉലാത്തുന്നു.., ചിലർ വരാന്തയിൽ തലകുമ്പിട്ടിരിക്കുന്നു..
കാലത്തേ ആരോ പിറകോട്ടുവലിച്ചു ചങ്ങലക്കിട്ടിരിക്കുന്നു..,
ആകാശം അതിരായി കരുതിയ മനുഷ്യന്റെ സഞ്ചാരം നാലു ചുവരുകൾക്കിടയിൽ ഒതുങ്ങിയിരുന്നു..
ഇടതടവില്ലാതെ വാഹനങ്ങൾ ചീറിപാഞ്ഞ മുന്നിലെ റോഡ് ശൂന്യമായിരുന്നു... ചരിത്രത്തിൽ ആദ്യമായി ചൂളംവിളി ഇല്ലാതെ പിറകിലെ തീവണ്ടി പാളങ്ങൾ ഭയപ്പാടിന്റെ അടയാളമായി.
ഒരു മുടിത്തുമ്പോളം വലുതല്ലാത്ത ഒരു ശത്രു നമ്മളെ മുൾമുനത്തുമ്പിൽ നിർത്തിയിരിക്കുന്നു..
ആയുധപ്പുരകളിൽ പടക്കോപ്പുകൾ കളിപ്പാട്ടങ്ങൾ പോലെ നിൽക്കുമ്പോൾ നിരായുധരായി നമ്മൾ പോർമുഖത്തുനിൽക്കുന്നു .......
' സാർ ...'
' സാർ .. ഒരു അമ്പതു രൂപ തരുമോ?.ലോക്കഡൗൺ കഴിയുമ്പോൾ തിരിച്ചു തരാം..,'
' ആരാ .. മനസ്സിലായില്ല..'
'ഞാൻ കേശുവിന്റെ മകളുടെ മകൻ ...'
'ഏതു കേശു?'
'ആരാ മനസ്സിലായില്ല ...'
'രാവുണ്ണിയുടെ മകൻ കേശവനെ ഓർമയില്ലേ?..'
'എന്റെ രാവുണ്ണിയുടെയോ?'
' അതെ സാർ ...ജീവിക്കാൻ ഇനി മുത്തച്ഛൻ പഠിപ്പിച്ച കുലത്തൊഴിൽ തന്നെ ഗതിയുള്ളൂ..'
ബിജൂസി
--------------------------------


Comments
Post a Comment